ഉണ്യാലിലെ വല നെയ്ത്ത് കേന്ദ്രം മന്ത്രി അബ്ദുറഹിമാൻ മത്സ്യത്തൊഴിലാളികൾക്ക് സമർപ്പിച്ചു.
ജൂലൈ 02, 2021
നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ വല നെയ്ത്ത് കേന്ദ്രം യാഥാര്‍ത്ഥ്യമായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവില്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ് നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാല്‍ കടപ്പുറത്ത് വല നെയ്ത്ത് കേന്ദ്രം നിര്‍മിച്ചത്. 23 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയുമുള്ള 1962 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അനുബന്ധ സൗകര്യങ്ങളായ പാര്‍ക്കിങ് ഏരിയയും ഉള്‍പ്പെട്ടിട്ടുണ്ട്.
നിറമരുതൂര്‍ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ഉപകരിക്കുക എന്ന ലക്ഷ്യത്തിലാണ് വല നെയ്ത്ത് കേന്ദ്രം ഒരുക്കിയത്. വല നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി മേഖലയില്‍ മികച്ച പദ്ധതികള്‍ ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു.
നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതാലവി അധ്യക്ഷനായി. ഹാര്‍ബര്‍ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.രേഷ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പ്രേമ, പോളാട്ട് നാസര്‍, നിറമരുതൂര്‍ പഞ്ചായത്തംഗങ്ങളായ വി.വി സുഹ്റ റസാഖ്, ടി. ശ്രീധരന്‍, പി.വി പ്രേമലത, കദീജ തേക്കില്‍, പി.പി സൈതുമോന്‍, പി.ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.