കോവിഡിനെ ട്രിപ്പിള്‍ ലോക്കിട്ട് പൂട്ടാന്‍ ജില്ല: ഓക്സിജന്‍ ക്ഷാമം പരിഹരിച്ച് മലപ്പുറം
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വേഗത്തിലായാണ് ഓക്സിജന്‍ ക്ഷാമം ഇത്രമേല്‍ രൂക്ഷമാക്കിയത്. ജനസംഖ്യാനുപാതത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലയെന്നതിനാല്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 330 ഓക്‌സിജന്‍ സിലിണ്ടറുകളാണ് അയല്‍ ജില്ലകളില്‍ നിന്നും മലപ്പുറത്തെത്തിച്ചത്. ഇതില്‍ 200 എണ്ണം തൃശൂര്‍ ജില്ലയില്‍ നിന്നും 130 എണ്ണം കോഴിക്കോട് ജില്ലയില്‍ നിന്നുമാണ്. പാലക്കാട് കഞ്ചിക്കോട്ടു നിന്നാണ് ദ്രവരൂപത്തിലുള്ള ഓക്സിജന്‍ ജില്ലയിലെ സംഭരണികളിലേക്കെത്തിക്കുന്നത്.
ജില്ലയിലെ പ്രധാന കോവിഡ് ആശുപത്രിയായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ സംഭരണശേഷി വര്‍ധിപ്പിച്ചതുള്‍പ്പടെ പ്രവര്‍ത്തികളാണ് ജില്ലയുടെ ഓക്സിജന്‍ ക്ഷാമത്തിന് വേഗത്തില്‍ പരിഹാരമായി മാറിയത്. നേരത്തെ 18 മണിക്കൂര്‍ വിതരണത്തിനുള്ള ഓക്സിജന്‍ മാത്രമായിരുന്നു മഞ്ചേരിയിലെ സംഭരണിക്കുണ്ടായിരുന്നത്. എന്നാല്‍ പുതിയ സംഭരണി പ്രവര്‍ത്തനക്ഷമമായതോടെ 48 മണിക്കൂര്‍ നേരത്തേക്ക് ഓക്സിജന്‍ വിതരണം സാധ്യമാകും. സ്വകാര്യ മേഖലയിലേതുള്‍പ്പടെ ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി പ്രവര്‍ത്തന ക്ഷമമാക്കിയതോടെ ജില്ലയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വേഗത്തില്‍ മറികടക്കാന്‍ ജില്ലാ ഭരണകൂടത്തിനായി.
ജില്ലയിലെ ഏഴ് കോവിഡ് ആശുപത്രികളിലും ഏകദേശം 7000 ലിറ്റര്‍ ഓക്സിജന്‍ നിറക്കാവുന്ന വിധത്തിലുള്ള 100 ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടറുകളും കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 30 ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടറുകളുമാണ് ഉറപ്പാക്കിയിട്ടുള്ളത്. കൂടാതെ ചേളാരിയിലെ ശ്രീകല ഓക്സിജന്‍ കമ്പനിയിലെ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജന്‍ മാനേജ്മെന്റ് കമ്മിറ്റി പിടിച്ചെടുത്ത വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 300 സിലിണ്ടറുകള്‍ അണുവിമുക്തമാക്കിയ ശേഷം വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്ന 20 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നല്‍കിയിട്ടുണ്ട്.