ട്രാൻസ്ഫോമറിൽ ഇടിച്ച് കാറിന് തീപിടിച്ചു; രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ
കോട്ടയം: ഉഴവൂർ ആൽപാറ പായസപ്പടി ഭാഗത്തു നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിന്റെ വൈദ്യുതത്തൂണിൽ ഇടിച്ചു തീപിടിച്ചു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫിസർ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കാറും ട്രാൻസ്ഫോമറും പൂർണമായി കത്തി നശിച്ചു.മോനിപ്പള്ളി കൊക്കരണി ഭാഗം കാരമയിൽ റെജിമോൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
അപകട സ്ഥലത്തെ ശബ്ദം കേട്ടു സമീപത്തു താമസിക്കുന്ന കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ നിരപ്പേൽ എബി ജോസഫ് ഓടിയെത്തി. ഈ സമയം ട്രാൻസ്ഫോമർ കാറിനു മുകളിലേക്ക് വീണു ഓയിൽ ചോർന്നു കാറിനു തീ പിടിച്ചു തുടങ്ങിയിരുന്നു. കാർ വാതിലിന്റെ ചില്ല് കൈ കൊണ്ടു പൊട്ടിച്ച എബി റെജിയെ വേഗത്തിൽ വലിച്ചിറക്കി. രക്ഷപ്പെടുത്തി മിനിറ്റുകൾക്കുള്ളിൽ കാറും ട്രാൻസ്ഫോമറും ആളിക്കത്തി. എബിയുടെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. കാറിനുള്ളിലെ പണം, മൊബൈൽ ഫോൺ, രേഖകൾ എന്നിവ കത്തിനശിച്ചു. കുറവിലങ്ങാട് പൊലീസും കൂത്താട്ടുകുളം അഗ്നിരക്ഷാ സേനയും എത്തി തീയണച്ചു.
അപകടസ്ഥലത്തിനു സമീപം എന്റെ പുതിയ വീടിന്റെ നിർമാണം നടക്കുകയായിരുന്നു. ശബ്ദം കേട്ടു ഓടിയെത്തിയപ്പോഴേക്കും കാറിനു മുകളിൽ ട്രാൻസ്ഫോമർ വീണു കിടക്കുന്നു. മുൻഭാഗത്തു തീ പിടിച്ചു തുടങ്ങിയിരുന്നു. കാറിൽ തൊട്ടു നോക്കി. വൈദ്യുതി പ്രവഹിക്കുന്നില്ല. ഒന്നിലധികം യാത്രക്കാർ കാറിനുള്ളിൽ ഉണ്ടാകുമെന്നാണു കരുതിയത്. പിൻവാതിലിന്റെ ചില്ല് കൈ കൊണ്ട് ഇടിച്ചു പൊട്ടിച്ചു. ഡ്രൈവർ സീറ്റിലിരുന്ന റെജിയെ വേഗത്തിൽ രക്ഷപ്പെടുത്തി. ഇതിനിടെ തീ പടർന്നു തുടങ്ങിയിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റൊന്നും ആലോചിച്ചില്ല. കാറും ട്രാൻസ്ഫോമറും പൂർണമായി കത്തിത്തുടങ്ങിയതോടെ പൊട്ടിത്തെറി ഭയന്നു നാട്ടുകാർക്കും അടുക്കാൻ വയ്യാത്ത അവസ്ഥയായി.
ചില്ല് പൊട്ടിക്കുന്നതിനിടെ കൈ മുറിഞ്ഞു. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. റെജിക്കും നിസ്സാര പരുക്കുണ്ട്.