മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. കുറിപ്പിന്റെ പൂർണ രൂപം 👇


കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒരു മഹാകാര്യമെന്ന മട്ടിൽ ചിലത് പറയുകയുണ്ടായി. ഒരു കാര്യം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുകയാണ്. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള കുപ്രചാരണം നടത്തി അവരുടെ മനസ്സിനെ സർക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.


മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സർക്കാരാണിത്. 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ് നയത്തിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.


1. വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റുകളുടെ യാനങ്ങൾക്കോ, ആഴക്കടൽ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നൽകാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിർത്തിയിൽ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവൺമെൻറിൽ സമ്മർദ്ദം ചെലുത്തും. കാരണം കേന്ദ്ര ഗവൺമെന്റാണ് അത്തരം കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടുള്ളത്. അതുകൊണ്ടു ഈ കാര്യങ്ങൾ ഇവിടെ ഉണ്ടാകാതിരിക്കാൻ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തും. 


2. സംസ്ഥാനത്തിന്റെ തീരക്കടലിൽ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും. എന്നാൽ, കാലഹരണപ്പെടുന്ന യാനങ്ങൾക്ക് പകരമായി പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകും.


ഇതാണ് സർക്കാറിന്റെ നയം. ഇതോടൊപ്പം അതേ നയത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകൾ പറയുന്നുണ്ട്.


മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വിൽപനയിൽ ഏർപ്പെടുന്നതിനുമുള്ള അവകാശം അവർക്ക് ഉറപ്പു വരുത്തും.


ഏതെങ്കിലും കോർപ്പറേറ്റുകൾക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതിക്കൊടുക്കുക എന്ന നയം കൊണ്ടുവന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവിന് ഓർമയില്ലേ? മറന്നു പോകാൻ ഇടയില്ല. അദ്ദേഹത്തിന്റെ പാർട്ടിയാണ് ആ നയം നേരത്തെ കൊണ്ട് വന്നത്. കോൺഗ്രസ് നേതാവ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ആഴക്കടലിൽനിന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാൻ വിദേശ ഭീമൻമാർക്ക് അവസരം നൽകിയത്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഈ സർക്കാരിനെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി എക്കാലവും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമുള്ള, ഇന്നും ആ പോരാട്ടം തുടരുന്ന രാഷ്ട്രീയമാണ് ഈ സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നത്. മത്സ്യബന്ധനത്തിനായി ആഴക്കടൽ വിദേശ കുത്തകകളുടെ ലാഭക്കൊതിക്ക് തുറന്നു കൊടുത്ത കോൺഗ്രസിൻറെ നയമല്ല, ഈ സർക്കാരിൻറേത്. ഇത്രയും കാലത്തെ പ്രവർത്തനം ഇത് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചതാണ്.


വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കോർപ്പറേറ്റുകളുടെ ട്രോളറുകൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് അനുമതിപത്രം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. കേരള സർക്കാരിന്റെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നിരന്തരമായ എതിർപ്പിനെ തുടർന്ന് 2017ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധന നയത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ സ്വദേശ കമ്പനികൾക്ക് നൽകിവന്നിരുന്ന അനുമതിപത്രം നിർത്തലാക്കുമെന്ന് കേന്ദ്ര സർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. സംസ്ഥാന സർക്കാരിൻറെ ആഴക്കടൽ മത്സ്യബന്ധനത്തോടുള്ള നിലപാട് ഇതിൽ നിന്നും വ്യക്തമാണ്.


പരമ്പരാഗത മത്സ്യബന്ധനത്തിന് ഉതകുന്ന ആഴക്കടൽ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന ആഴക്കടൽ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം. അതിൽ ദേശീയമായതോ വിദേശിയമായതോ ആയ ഒരു കോർപ്പറേറ്റിനും സ്ഥാനമില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോർപ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടിൽ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നൽകില്ല. ഇത് എൽഡിഎഫ് സർക്കാരിന്റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതിൽനിന്ന് ഒരിഞ്ച് പിന്നോട്ടുപോകുന്ന സർക്കാരല്ല ഇത്. അതുകൊണ്ട് സർക്കാർ മത്സ്യത്തൊഴിലാളികൾക്കെതിരാണ് എന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആർക്കും വേണ്ടതില്ല.